Tuesday, 12 April 2011

മുട്ടയില്‍‌വീണ വിപ്ലവജന്തു...

          അങ്ങനെ ഡോക്ടര്‍ സിന്ധുജി പഠിച്ചു. കെട്ടമുട്ട വിപ്ലവേതരമായ ശരീരത്തില്‍ വീണാല്‍ എത്രമാത്രം നോവുമെന്നും, ഏതുതരത്തിലൊക്കെയതു ചീഞ്ഞുനാറ്റി വോട്ടുകഴുതകളുടെ മുന്‍പില്‍ നാണംകെടുത്തുമെന്നും. ചുവന്ന പുസ്തകത്തിലെ വട്ടന്‍ വാക്കുകള്‍ പണ്ടു തലകിറുങ്ങിപഠിച്ചതുപോലെ പഠിപഠിച്ചു.

          വിപ്ലവം തലയിലും, നെഞ്ചത്തും, അരയിലും തുള്ളിക്കളിച്ചിരുന്ന അന്ത കാലത്ത് ഒരുപാടുപേരെ മുട്ടയ്ക്കെറിയുകയും, എങ്ങനെ മുട്ടയെറിഞ്ഞ് സോഷ്യലിസവും കമ്മ്യൂണിസവും ഈ പണ്ടാരജനാധിപത്യനാട്ടില്‍ പണ്ടാ‍രമടക്കാമെന്ന് സ്റ്റഡിക്ലാസുകള്‍ കെടുകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട് ഈ വിപ്ലവവീരപരാക്രിമി. എന്നിട്ടും ബയണറ്റിനും ഗ്രനേഡുകള്‍ക്കും ഒന്നു നുള്ളിനോവിക്കാന്‍പോലും പറ്റാതിരുന്ന മഹതിയെയൊരു വെറും മുട്ട, അതേന്നെ വെറും കോഴിമുട്ടതന്നെ, തറപറ്റിച്ചിരിക്കുന്നു.

         ഒരു കാര്യം ഒന്നും മനസ്സിലാക്കിതരാതെ വെള്ളമടിച്ചുവാളുവെച്ചപോലെ അങ്ങനെ നീണ്ടുനിവര്‍‌ന്നു കിടക്കുകയാണ് സിന്ധുജീ. ഇത്രയധികം ധീരസമരങ്ങളുടെ മുന്നണിപ്പോരാളിയാവുകയും, ഇന്ന് ഏത്തമിടുന്ന അന്നത്തെ ബൂര്‍‌ഷ്വാതെണ്ടികളുടെ – ചാണ്ടി മാമവരെ‌- അടിക്കലയും കുത്തുകലയും കാലൊടിക്കല്‍കലയും അനുഫവിച്ചിട്ടുള്ള അങ്ങങ്ങെനെ വെറുമൊരു ചീമുട്ടയുടെ ആഘാതത്തില്‍ വെട്ടേറ്റകശാപ്പുപോത്തിനെപ്പോലെ നെഞ്ചടിച്ചു വീണ് സഹതാപതരംഗത്തിനു വേണ്ടി കെഞ്ചിയത്? പോളണ്ടടുപ്പില്‍ കുരുത്തത് യുഡിഎഫിന്റെ ഐസ്ക്രീം‌പാര്‍ലറില്‍ വാടുമൊ?

         ഒന്നോര്‍ക്കുമ്പോള്‍ കൂമ്പ് വാടുകയാണ്. ഇവരെയൊക്കെയല്ലെ പുസ്തകത്തിന്റെ ചട്ടയിലും, ഹോസ്റ്റലിലെ അടുക്കളയിലും (കുളിമുറിയില്‍ ഒരിയ്ക്കലും വെച്ചിട്ടില്ല..അതിനുള്ള കോപ്പില്ല്ലായിരൂന്നു) പോട്ടമൊട്ടിച്ച് ആരാധിച്ചിരുന്നതോര്‍ക്കുമ്പോള്‍, അന്നൊരുനാള്‍ റ്റിവിയില്‍കണ്ട സിന്ധുജിയുടെ ആരാധ്യനായ നേതാവും, സര്‍വോപരി ഒരു ചോരതിളപ്പന്‍ ഗാന്ധിയനുമായ ശ്രീമാന്‍ ഉണ്ണിത്താ‍ന്‍‌ജിയെപ്പോലെ തലതാഴ്ന്നുപോവുകയാണ്..

          എന്നാലും, വിപ്ലവത്തിന്റെ ഈ സന്ദിഗ്ദ ഘട്ടത്തിലൂം തൊണ്ടകീറി കൂവാന്‍ തോന്നിപ്പോകുന്നു. “സിന്ധുജി കീ ജയ്.. സോണിയാജി കീ ജയ്.. ഉണ്ണിത്താ‍ന്‍‌ജി കീ ജയ് ..ഐസ്ക്രീം‌ജി കീ ജയ്.... വിപ്ലവം തുലഞ്ഞു നാറാണക്കല്ലുകുത്തട്ടെ..“
 ----------------------------------------------------------------------------------------------
pinവിളി
ഞാനും, തലയും വാലും താഴ്തുന്നു..

1 comment:

  1. സിന്ധുജിയല്ലേ.. നാടും നാട്ടുകാരും മാത്രം നന്നായാല്‍ പോരല്ലോ, ഞാനും നന്നാവണം... യേത്...

    ReplyDelete