Monday, 4 April 2011

അന്തോണീ പുണ്യവാളനെക്കൊണ്ടു തോറ്റു…

          ഭാരതത്തിന്റെ അധികാര കേന്ദ്രങ്ങളിലെ  രണ്ടാം സ്ഥാനക്കാരനോ അതോ മൂന്നാം സ്ഥാനക്കാരനോ --മാഡം കണ്ണടച്ചാല്‍ സ്ഥാനം ഒരുപക്ഷെ പൂജ്യത്തിലേക്കു വട്ടംചാടാം-- ആയ ഈ മഹാആദാര്‍ശവാനായ നേതാവെന്തിനാണ് ഇത്തരം ഉണ്ടയില്ലാ വെടിവെച്ച് പാവം മലയാളി മാലോകരെ പേടിപ്പെടുത്തി കണ്ണിറുക്കുന്നത്? ഭാരതത്തിലെ തോക്കുകളുടെ സൂ‍ക്ഷിപ്പുക്കാരനല്ലെ, പിന്നെയെന്തിനാണ് ഈ തുരുമ്പെടുത്ത പഴഞ്ചന്‍ തോക്കുകള്‍ ഇപ്പൊഴും ഉപയോഗിച്ച് സ്വയം നശിക്കുന്നത്.

          എന്റെ അന്തോണീ പുണ്യവാളാ എന്തിനാണ് അങ്ങും, അങ്ങയുടെ മൂടുതാങ്ങികളും-- അങ്ങയുടെ പാര്‍ട്ടിയിലെ പുണ്യവാളന്മാരാകാന്‍ കീറിയ കദര്‍ നെയ്യുമുറ്റിയ കട്ടിത്തൊലിയില്‍ചുറ്റി ഗ്രൂപ്പുകളരിയില്‍ അഭ്യാസമുറകള്‍ പഠിക്കുന്നവര്‍--ഇങ്ങനെ ഭയന്നു നിലവിളിച്ചു അലഞ്ഞുനടക്കുന്നത്. എല്‍.ഡി.എഫ്. ഇനിയും അധികാരത്തില്‍ വന്നാല്‍  കേരളമെന്താ 2ജി സ്പെക്ട്രവും, ബോഫോഴ്സ് ഉന്തുവണ്ടികളും മുങ്ങാംകുഴിയിട്ടുകളിക്കുന്ന ആ വന്‍പാതാളത്തിലേക്ക് കൂപ്പുകുത്തുമൊ? അടിയങ്ങള്‍ക്കൊന്നും മനസ്സിലാകുന്നില്ല എന്താണ് നിങ്ങള്‍ തമ്പ്രാക്കന്മാര്‍ ഉദ്ദേശിക്കുന്നതെന്ന്.

          എല്‍.ഡി.എഫ്. ഇനിയും അധികാരത്തില്‍ വരുന്നത് തീര്‍ച്ചയായും പേടിക്കണം. പേടിച്ചേ തീരു.. പുണ്യാളന്‍ പറഞ്ഞത് ഒരു പൈശാചികമായ ശരിയാണ്. പക്ഷെ ഭയപ്പെടേണ്ടത്  പറയുന്നതു പോലെ സാധാരണ ജനങ്ങളല്ലെന്നു മാത്രം. പേടിക്കേണ്ടത് ഇടമലയാര്‍ ഹീറോകളും, ഐസ്ക്രീം മൊത്തക്കച്ചവടക്കാരും, പാവപ്പെട്ടവന്റെ ചോരവറ്റിയഇറച്ചിയില്‍ കയ്യിട്ട്മാന്തിമാന്തി അവിടെനിന്നും ഊറിവരുന്നത് പങ്കിട്ടെടുത്ത്, സ്വിസ്സ്ബാങ്കിലേക്കും, മറ്റു നരകങ്ങളിലേക്കും ചവിട്ടിക്കടത്തിയവരും, അഴിമതിനടത്താ‍ന്‍ മാത്രം ഈ ഭൂമിയില്‍ ഭൂജാതരായ ശവംതീനികളും ആണ്..

          പഴയ ജനുസ്സില്‍ പെട്ട കൊതുകുകളും, എലികളുമല്ല ഇപ്പോള്‍ ജയിലിലും, ജയിലാശുപത്രിയിലും ഉള്ളതെന്നറിയുന്നവരാണ് ആധിപിടിച്ച് ചിലമൃഗങ്ങളെപ്പോലെ അലഞ്ഞുവലയുന്നത്. അല്ലാതെ വികസനവും സമാധാനവും ഐശ്വര്യവും, പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ കൂടി അഞ്ചു വര്‍ഷം അനുഭവിച്ച പാവം പൊതുജനങ്ങളല്ല. ശരിയല്ലെ, പുണ്യാളാ?

          പുണ്യവാളന്മാരെല്ലാം പേടിച്ചോളു.. അപ്പിയിട്ടോളു. പക്ഷെ എല്ലാ മലയാളികളും ഭയന്നു മച്ചകങ്ങളിലൊളിക്കണം എന്ന് പല്ലിളിച്ച്പരിഹസിച്ച് ഹെലികോപ്പില്‍ തേരാപാര ചുറ്റിത്തിരിയരുത് ഇനിയെങ്കിലും കദറിട്ട കോപ്പന്‍‌മാര്‍‍... ഗുഡ് ബൈ…
----------------------------------------------------------------------------------------------  
pinവിളി
വിധിച്ചവന്‍ വിധിക്കപ്പെടും.. അല്ലെങ്കില്‍ പലനാള്‍ കള്ളന്‍ ഒരു നാള്‍ ജയിലില്‍ (ചില ‘പിള്ളെ’രെപ്പോലെ‌)

1 comment:

  1. അയ്യോ, അതരിഞ്ഞില്ലയോ? പിള്ള സാറിനിപ്പോ ചിക്കുന്‍ ഗുനിയയാ, എന്താ കാര്യം? ആദ്യമായി പുള്ളിയെ ഒരു കൊതുക് കടിച്ചത് അങ്ങ് ജയിലീന്നാ! തീര്‍ന്നില്ലേ.. ഇനിയിപ്പോ ആ കരിനാക് പോലെ മയ്യത്തായി ഇങ്ങു പോരുമോ എന്തോ...

    ReplyDelete